തലശേരി: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നല്‍കിയ ഹര്‍ജി തലശേരി അഡീഷണല്‍ സബ്‌കോടതി തള്ളി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസില്‍ 15 ദിവസത്തിനകം കോര്‍ട്ട് ഫീ അടക്കാനും ഉത്തരവായി. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ അന്യായമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതായി ആരോപിച്ച് അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2008 ജൂലൈ 17നാണ് കെ സുധാകരന്‍ ഹര്‍ജി നല്‍കിയത്. കോര്‍ട്ട്ഫീയായ 3, 43,300 രൂപ അടക്കാന്‍ നിര്‍വാഹമില്ലെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു.
കോര്‍ട്ടഫീ അടക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കാണിച്ച് ജില്ല കലക്ടര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് പാപ്പരായി പരിഗണിക്കണമെന്ന കെ സുധാകരന്റെ ആവശ്യം തള്ളിയത്. മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷനും ലോകസഭാംഗമെന്ന നിലയിലുള്ള വരുമാനമടക്കമുള്ള രേഖകളും സ്വത്ത്‌വകകളുടെ വിവരങ്ങളും അഡീഷണല്‍ ഗവ. പ്ലീഡര്‍ സി പ്രകാശന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പത്ത്‌വീതം മുണ്ടും ഷര്‍ട്ടും 5 പാന്റും ഒരു സ്വര്‍ണമോതിരവും ഒരു മാലയും വാച്ചും രണ്ട് തോര്‍ത്തും ഒരു ജോഡി ചെരുപ്പും അംബാസിഡര്‍ കാറുമടക്കം 2,58,800 രൂപയുടെ ആസ്തിമാത്രമാണ് തനിക്കുളളതെന്ന് കാണിച്ചാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന് സുധാകരന്‍ അപേക്ഷിച്ചത്.
സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഐ എം നേതാവ് ഇ പി ജയരാജനെ വാടകക്കൊലയാളികളെ ഉപയൊഗിച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെയാണ് കെ സുധാകരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ഡിഐജി അരുണ്‍കുമാര്‍ സിഹ്നസീനിയര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിഹ്ന ജൂനിയര്‍, തലശേരി സിഐ വത്സന്‍, എഎസ്‌ഐ ഭാസ്‌കരന്‍, ഡിജിപി എസ് പി ചാലി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
കോര്‍ട്ട്ഫീ അടക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കു വേണ്ടി 2011–12 കാലത്ത് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കലക്ടര്‍ക്കു വേണ്ടി സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനെതിരെ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. പിന്നീട് സത്യവാങ്മൂലം പിന്‍വലിക്കുകയും ചെയ്തു.