ദില്ലി: ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷൻ നേടാൻ തൊഴിലാളിയും, തൊഴിലുടമയും ചേർന്ന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് പ്രവർത്തസജ്ജമായി. ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെയുള്ള സുപ്രീം കോടതി ഉത്തരവ് പ്രകാരം ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി മാർച്ച് മൂന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിൽ ഒരാഴ്ചമുൻപാണ് ഇപിഎഫ്ഒ. മാർഗരേഖ പുറത്തിറക്കിയത്. ഇത് പ്രകാരം 2014 സെപ്തംബർ 1 ന് ശേഷം വിരമിച്ചവർക്കും, നിലവിൽ സർവ്വീസിൽ തുടരുന്നവർക്കും, ഉയർന്ന പെൻഷന്് ഓപ്ഷൻ നൽകാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഓപ്ഷൻ നൽകുന്നതിന് ഓൺലൈൻ വഴി സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, നടപടി വൈകുന്നതിൽ അപേക്ഷ നൽകേണ്ടവർ ആശങ്കയിലായിരുന്നു.സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള കാലാവധി മാർച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് സംയുക്ത ഓപ്ഷൻ നൽകുന്നതിനുള്ള ഇന്ന് രാവിലെ മുതൽ ലിങ്ക് പ്രവർത്തനക്ഷമമായത്.
ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്. ശമ്പളം കൂടിയതാണെങ്കിലും നിലവിൽ 15000 രൂപയുടെ 8.33 ശതമാനം മാത്രമാണ് പിഎഫിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ അതനുസരിച്ചുള്ള കുറഞ്ഞ തുകയാണ് പെൻഷൻ ഇനത്തിൽ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത് ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇപിഎഫിലേക്ക് മാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള പെൻഷൻ നേടാനാണ് സുപ്രീം കോടതി അവസരമൊരുക്കിയത്.
വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്.