പാലക്കാട്: സംസ്ഥാന സർക്കാറിന് കീഴിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനം 333 രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ പ്രതിദിന വേതനം 333 രൂപയാക്കിയതോടെയാണ് സംസ്ഥാന സർക്കാറും ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ തുക വർധിപ്പിച്ച് ഏകീകരിച്ചത്.നിലവിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ദിവസ വേതനം 311 രൂപയാണ്. 2023 മാർച്ച് 23നാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 333 രൂപയാക്കിയത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ജോലിയെടുക്കുന്നവർക്ക് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും ജോലി ലഭ്യമാകുന്ന സാഹചര്യത്തിൽ വേതനത്തിലെ അന്തരം പ്രതിഷേധത്തിനിടയാക്കിയിരുന്നു.