കോട്ടയം: ഇരട്ടിപ്പിച്ച ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ പാതയിലൂടെ ഇന്ന് രാത്രിയോടെ ആദ്യ ട്രെയിൻ ഓടും. പുതിയ പാതയിൽ നടത്തിയ സുരക്ഷാ പരിശോധന തൃപ്തികരമാണെന്ന് റെയിൽവേ നേരത്തെ വിലയിരുത്തിയിരുന്നു. പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 10 മണിക്കൂർ സമയമാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ട്രെയിൻ രാത്രിയിൽ കടത്തിവിടാനാകുമെന്ന വിലയിരുത്തലിലാണ് റെയിൽവേ അധികൃതർ.
16.7 കിലോമീറ്റർ വരുന്ന ഏറ്റുമാനൂർ-ചിങ്ങവനം പാത തുറന്നുകൊടുക്കുന്നതോടെ റെയിൽ ഗതാഗതത്തിൽ പുതിയ ചരിത്രം കുറിക്കുകയാണ് കേരളം. പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള ആദ്യ സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തുകയാണ്. കായംകുളത്ത് നിന്ന് കോട്ടയം വഴി മുളന്തുരുത്തിയിലേക്കുള്ള ഇരട്ടപ്പാത 21 വർഷത്തിന് ശേഷമാണ് ഗതാഗത സജ്ജമാകുന്നത്. 2001ൽ ആണ് പാത നിർമാണത്തിന് തുടക്കം കുറിച്ചത്. രാത്രി പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതോടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും.
അതേസമയം കോട്ടയം വഴിയുള്ള ഗതാഗതത്തിന് ഇന്ന് കൂടി നിയന്ത്രണം തുടരും. പൂണെ – കന്യാകുമാരി എക്സ്പ്രസ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഏറ്റുമാനൂർ – കോട്ടയം – ചിങ്ങവനം പാതയിരിട്ടിപ്പ്ക്കൽ അവസാനഘട്ട പ്രവൃത്തികൾക്കായുള്ള ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് നിലവിൽ അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂണെ – കന്യാകുമാരി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചു വിടുന്നത്. ഇന്ന് ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.