സൂറിക്: 7.29 ലക്ഷം പേർക്കാണ് 2020 ൽ യൂറോപ്യൻ രാജ്യങ്ങൾ പുതുതായി പൗരത്വം നൽകിയത്. മൊറോക്കൊ, സിറിയ, അൽബേനിയ, ടർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പൗരത്വം നേടുന്നതിൽ മുന്നിൽ. യൂറോപ്യൻ രാജ്യങ്ങളിലെ പൗരത്വം എടുക്കുന്നവരിലെ ഇന്ത്യക്കാർ ഏറെയും ഇറ്റലിയിലാണെന്നും യൂറോപ്യൻ സ്റ്റാറ്റിക്‌സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കഴിഞ്ഞ ദിവസ്സം പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.
യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം 16400 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം നേടിയത്. ശതമാന കണക്കിൽ ഇതിലെ 34.2 ഇറ്റലി,13.7 ജർമ്മനി,12.4 നെതർലൻഡ്സ്, 9.8 സ്‌പെയിൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ 29.9 എന്നാണു കണക്കുകൾ. യൂറോപ്പിൽ പൗരത്വം അനുവദിക്കുന്നതിൽ ഏറ്റവും മുന്നിൽ ഇറ്റലിയാണ്. 1.32 ലക്ഷം പേർ ഇറ്റാലിയൻ പൗരത്വം നേടിയപ്പോൾ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപുറകെ.
പൗരത്വം നേടിയവരിലെ 85 ശതമാനവും യൂറോപ്പിന് പുറമെ നിന്നുള്ളവരാണെങ്കിൽ ,13 ശതമാനം റുമേനിയ പോലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇ.യു രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ചു, ജർമ്മനി, ഇറ്റലി പോലുള്ള സമ്പന്ന ഇ.യു രാജ്യങ്ങളുടെ പൗരത്വം നേടിയവരാണ്. 27 ഇയു രാജ്യങ്ങളുടെയും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലൻഡ്,ലിഹ്‌റ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് യൂറോസ്റ്റാറ്റ് ഡാറ്റ.