ജയ്പൂർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ രണ്ട് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. നസീർ, ജുനൈദ് എന്നിങ്ങനെ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൻ ആസൂത്രണം നടന്നിരുന്നതായി പൊലീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. നസീറിനെയും ജുനൈദിനേയും കൊല്ലുന്നതിന് ഒരാഴ്ച മുമ്പേ ഇരുവരുടേയും വ്യക്തിഗത വിവരങ്ങളും വാഹന വിവരങ്ങളും ശേഖരിക്കുകയും ഇത് പശുരക്ഷാ ഗുണ്ടകൾക്കിടയിൽ പങ്കുവയ്ക്കുകയും പിടികൂടുന്നതിനെ കുറിച്ച് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹരിയാന നൂഹിലെ സംഘർഷത്തിന് ചുക്കാൻ പിടിച്ച പശുരക്ഷാ ഗുണ്ടാത്തലവനും ബജ്രംഗ്ദൾ നേതാവുമായ മോനു മനേസറും സംഘവുമാണ് ഫെബ്രുവരി 16ന് രാജസ്ഥാനിലെ ഭരത്‌പുർ സ്വദേശികളായ ജുനൈദിനെയും നസീറിനേയും വാഹനത്തിലിട്ട് ചുട്ടുകൊന്നത്. രണ്ട് സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന മോനു മനേസറിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 12നാണ് ഹരിയാന പൊലീസ് ഇയാളെ പിടികൂടിയത്.
നസീർ ഹുസൈന്റെയും ജുനൈദ് ഖാന്റെയും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഫോൺ നമ്പരുകളും ബജ്രംഗ്ദൾ പ്രവർത്തകർ തങ്ങളുടെ സംഘത്തിനിടയിൽ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നു. മോനു മനേസറിനെ രണ്ട് ദിവസം ചോദ്യം ചെയ്തതിൽ നിന്ന്, മറ്റൊരു പ്രതിയായ റിങ്കു സൈനിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായും രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. നസീറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും ശേഷവും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു.