മലപ്പുറം: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. മങ്കട പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി സെല്‍വ (50) ത്തിനെ മങ്കട എസ് ഐ ഷിജോ സി തങ്കച്ചന്‍ അറസ്റ്റ് ചെയ്തു.
ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍, ഡിറ്റണേറ്ററുകള്‍ എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് സംഭരിക്കുന്നതായും മനുഷ്യജീവന് അപകടകരമായ രീതിയില്‍ ഇവ ആള്‍താമസമുള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ച് വരുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ഷിജോ സി തങ്കച്ചന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ലൈസന്‍സോ രേഖകളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ ചാക്കില്‍ സൂക്ഷിച്ച 186 ജലാറ്റിൻ സ്റ്റിക്കുകളും 150 ഓളം ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്. മങ്കട എ എസ് ഐ സലീം, വനിതാ എസ് സി പി ഒ അംബിക, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വീട്ടിനുള്ളിൽനിന്ന് സ്ഫോടനം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. വീടിന്റെ പിറകുവശത്തുനിന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്‍റെ നിഗമനം.