പനാജി: തിങ്കളാഴ്ച ഗോവയിൽ നിന്ന് കാണാതായ നേപ്പാള്‍ സ്വദേശിനിയായ 36കാരിയെ കണ്ടെത്തിയെന്ന് പൊലീസ്. നോര്‍ത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു ഹോട്ടലില്‍ നിന്നാണ് ആരതി ഹമാല്‍ എന്ന യുവതിയെ കണ്ടെത്തിയത്. നേപ്പാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളാണ് ആരതി ഹമാല്‍. മകളെ കണ്ടെത്തിയെന്ന വിവരം ഗോപാല്‍ ഹമാലും സ്ഥിരീകരിച്ചു. മകള്‍ ആരതിയെ ഗോവയില്‍ സുരക്ഷിതമായി കണ്ടെത്തി. മകളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഗോപാല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മകളെ ഗോവയില്‍ കാണാതായെന്ന വിവരം ഗോപാല്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗോപാല്‍ ഹമാല്‍ സോഷ്യല്‍മീഡിയയിലൂടെയും രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലുണ്ടെന്നും ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നേപ്പാള്‍ പത്രമായ ദി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആരതിയെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഗോവന്‍ പൊലീസ് വ്യക്തമാക്കി.