ന്യൂഡൽഹി : റഷ്യൻ ആക്രമണം തുടരുന്ന യുക്രൈനിൽ കുടുങ്ങിയ പ്രിയപ്പെട്ടവരെ എന്ത് വില കൊടുത്തും നാട്ടിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് ബന്ധുക്കൾക്ക്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമാണ്. അത്തരമൊരു സംഭവത്തിൽ മധ്യപ്രദേശിലെ ഒരു ആശുപത്രി ജീവനക്കാരിക്ക് നഷ്ടമായത് 42,000 രൂപയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനിൽ മെഡിസിൻ വിദ്യാർഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്.
പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സർക്കാർ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വിൽസണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകൾക്കോ വിമാനടിക്കറ്റിന്റെ പകർപ്പ് ലഭിച്ചില്ല.
സംശയം തോന്നിയതോടെ ഇയാളുടെ നമ്പറിലേക്ക് ആവർത്തിച്ച് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ 5000 രൂപ മടക്കി നൽകുകയും ബാക്കി തുക തിരികെ നൽകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിശ്വാസമില്ലെന്ന് പറഞ്ഞ ശേഷം പോലീസിന് പരാതി നൽകുകയായിരുന്നു വൈശാലി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പണം കൈമാറിയ അക്കൗണ്ട് സംബന്ധിച്ച് ബാങ്കുകളുമായി സംസാരിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.