ലണ്ടൻ: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ ശക്തമായി പ്രതികരിച്ച് ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗൻ മാർക്കിൾ. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് അതിഥിയായി എത്തിയ പരിപാടിയിലായിരുന്നു മേഗന്റെ തുറന്നു പറച്ചിൽ.
മക്കളായ ആർച്ചിയെയും ലില്ലിബെറ്റിനെയും ഗർഭാവസ്ഥയിലായിരിക്കുന്ന അവസരത്തിൽ പോലും സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യക്കു ശ്രമിച്ചതായും മേഗൻ വെളിപ്പെടുത്തി. ഞങ്ങളും മനുഷ്യരെന്ന പരിഗണന അർഹിക്കുന്നവരാണെന്നത് ചില മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബോധപൂർവം മറന്നു. എന്തിനാണ് ഇത്രയും ആളുകൾ വെറുക്കുന്നതെന്ന് ചിന്തിച്ചാലുണ്ടാകുന്ന മാനസികാഘാതം താങ്ങാൻ കഴിയാത്തതാണെന്നും 42 കാരിയായ മേഗൻ വെളിപ്പെടുത്തി.
രാജകുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഹാരിയും മേഗനും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് അപൂർവമാണ്. കാലിഫോർണിയയിലെ ആർക്കിവെൽ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ദമ്പതികൾ.
ഡിജിറ്റൽ സ്പേസുകളിൽ ഒരു സ്ത്രീയെ കുറിച്ച് വളരെ മോശമായ ഒന്ന് നിങ്ങൾ വായിച്ചാൽ എന്തിനാണ് മറ്റുള്ളവരുമായി പങ്കുവെക്കുന്നതെന്നും മേഗൻ ചോദിച്ചു. അത് നിങ്ങളുടെ സുഹൃത്തിനെയോ അമ്മയെയോ മകളെയോ കുറിച്ചായിരുന്നെങ്കിലും ഒരിക്കലും പങ്കുവെക്കില്ല. നമ്മൾ കുറച്ചുകൂടി മനഷ്യത്വം കാണിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ അത്തരത്തിലുള്ള മോശം കമന്റുകളിൽ നിന്നും വാർത്തകളിൽ നിന്നും മാറിനിൽക്കുകയാണ്. അതുണ്ടാക്കുന്ന നെഗറ്റീവ് എനർജി പാഴാക്കികളയുന്നത് ഞങ്ങളുടെ ജീവിതമാണെന്നും മേഗൻ വിലയിരുത്തി. തനിക്ക് 11വയസുള്ളപ്പോൾ ഒരു പരസ്യത്തിലെ സെക്സിസ്റ്റ് പരസ്യത്തിനെതിരെ താൻ കത്തെഴുതിയതിനെ തുടർന്ന് പരസ്യത്തിൽ മാറ്റം വരുത്തിയ കാര്യവും മേഗൻ പറഞ്ഞു.