ന്യൂഡൽഹി∙ ഇന്ത്യയിലെ ഫാക്ട് ചെക്ക് സംഘാംഗങ്ങളായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സമാധാന നൊബേലിന്റെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. രാജ്യാന്തര മാസികയായ ടൈം ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാർത്തകളുടെ വസ്തുതകൾ പരിശോധിക്കുന്ന ആളുകളാണ് ഫാക്ട് ചെക്കർമാർ.
ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരാണ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ പിന്നിലെ വസ്തുതകൾ പരിശോധിച്ച് ആൾട്ട്ന്യൂസ് വെബ്‌സൈറ്റ് വഴി ഇവർ പുറത്തുവിടാറുണ്ട്. നാലു വർഷം മുൻപത്തെ ട്വീറ്റിന്റെ പേരിൽ ജൂണിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തരതലത്തിൽ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു മാസത്തിനുശേഷം സുപ്രീം കോടതിയിൽനിന്നു ജാമ്യം ലഭിച്ചപ്പോഴാണ് സുബൈറിന് പുറത്തിറങ്ങാനായത്.
വെള്ളിയാഴ്ചയാണ് സമാധാന നൊബേൽ പ്രഖ്യാപിക്കുക. ആകെ 343 പേരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. ഇതിൽ 251 ആളുകളും 92 സംഘടനകളും ഉൾപ്പെടുന്നു. അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇത് നോർവെയുടെ പാർലമെന്റ് അംഗീകരിക്കും. പട്ടികയിൽനിന്ന് ഏറ്റവുമധികം വോട്ട് നേടുന്നവരാണ് പുരസ്കാരത്തിന് അർഹർ.
നൊബേൽ കമ്മിറ്റി ഔദ്യോഗികമായി പരിഗണനാപട്ടിക പുറത്തുവിടാറില്ല. എന്നാൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ അനുസരിച്ച് ബെലാറൂസ് പ്രതിപക്ഷ നേതാവ് സ്വിയറ്റ്‌ലാന സിഖാനൗസ്കയ, ബ്രോഡ്കാസ്റ്ററും ബയോളജിസ്റ്റുമായ ഡേവിഡ് ആറ്റൻബറോ, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, ഫ്രാൻസിസ് മാർപ്പാപ്പ, തുവാവുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ തുടങ്ങിയവർ പട്ടികയിൽ ഉണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വിമർശകൻ അലക്സി നവൽനിയുടെ പേരും പട്ടികയിൽ ഉണ്ട്.