മുംബൈ: ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർക്ക് ജയിൽ മോചിതരായ ശേഷം നൽകിയ ഉജ്ജ്വല സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഗുജറാത്ത് സർക്കാർ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സ്വാതന്ത്ര്യ ദിനത്തിൽ വിട്ടയച്ചു. ഒരു സംഘം അവരെ മധുരപലഹാരങ്ങളും മാലകളും നൽകി സ്വാഗതം ചെയ്യുന്നതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഭാദ്രയിൽ 35 കാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തെ കുറിച്ച് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ നടന്ന ചര്‍ച്ചയിലാണ് ഫഡ്നവിസിന്റെ പ്രതികരണം.
“കുറ്റാരോപിതൻ കുറ്റാരോപിതനാണ്, അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല,” ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. “2002-ലെ ഗുജറാത്തിലെ ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ കോടതി ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ കുറ്റാരോപിതനായ ഒരാളെ അഭിനന്ദിക്കുന്നത് തെറ്റാണ്, അത്തരമൊരു പ്രവൃത്തിക്ക് ന്യായീകരണമില്ല” ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. 2002 മാർച്ചിൽ, ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു ഗുജറാത്തിലെ ദാഹോദിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്.