തിരുവനന്തപുരം: പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചടങ്ങിൽ ആരോഗ്യ സർവകലാശാല വിസി മോഹൻ കുന്നുമ്മൽ അടക്കം പങ്കെടുത്തിരുന്നു. തങ്ങളല്ല പരിപാടി നടത്തിയതെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം