തിരുവനന്തപുരം : കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആത്മഹത്യ ഉണ്ടായത് സർക്കാരിന്‍റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കി. കേന്ദ്രം നൽകുന്നതിന്‍റെ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് കേരളം നൽകുന്നത്. കേന്ദ്രം നൽകുന്ന തുകയ്ക്ക് അനുപാതികമായി കേരള സർക്കാരും തുക വർദ്ധിപ്പിച്ചെങ്കിൽ കർഷകർക്ക് 33 രൂപ ലഭിക്കുമായിരുന്നു. കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. ആത്മഹത്യ ചെയ്ത പ്രസാദ് ഞാന്‍ പരാജയപ്പെട്ടു എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്. ശരിക്കും പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.