ന്യൂഡൽഹി: ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവിൽ വർധന. 1,49,557 കോടിയായാണ് ജി.എസ്.ടി പിരിവ് വർധിച്ചത്. 12 ശതമാനം ഉയർച്ചയാണുണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് വളർച്ച. 2022 ഫെബ്രുവരിയിൽ ജി.എസ്.ടി വരുമാനം 1,33,026 കോടിയായിരുന്നു.
തുടർച്ചയായ 12ാം മാസവും ജി.എസ്.ടി പിരിവ് 1.4 ലക്ഷം കോടിയിൽ തന്നെ തുടരുകയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സി.ജി.എസ്.ടി 27,662 കോടിയും ഐ.ജി.എസ്.ടി 75,069 കോടിയും എസ്.ജി.എസ്.ടി 34,915 കോടിയുമാണ് പിരിച്ചെടുത്തത്. 11,931 കോടി സെസായും പിരിച്ചു.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ജി.എസ്.ടി പിരിച്ചെടുത്തത്. 22,349 കോടി രൂപയാണ് മഹാരാഷ്ട്രയുടെ നികുതി വരുമാനം. കർണാടക 10,809 കോടിയും ഗുജറാത്ത് 9,574 കോടിയും പിരിച്ചെടുത്തു. ജനുവരിയിലെ ജി.എസ്.ടി പിരിവ് 1.56 ലക്ഷം കോടിയായിരുന്നു. ഇതുവരെയുള്ളതിൽ രണ്ടാമത്തെ വലിയ പിരിവായിരുന്നു ഇത്. 2022 ഏപ്രിലിൽ പിരിച്ചെടുത്ത 1.68 ലക്ഷം കോടിയാണ് പിരിവിലെ റെക്കോർഡ്. നേരത്തെ സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രസർക്കാർ നൽകിയിരുന്നു. 16,982 കോടിയാണ് കൈമാറിയത്.