റോം: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഏഴുവയസായ മകനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ. പിതാവിനൊപ്പം പുതുവത്സരം ആഘോഷിക്കാനെത്തിയ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. 40കാരനായ ഡേവിഡ് പൈറ്റോണിയും ഭാര്യയും കാലഘങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഭാര്യ ഡേവിഡിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ജോലി സ്ഥലത്ത് സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് വീട്ടുതടങ്കലിലുമായിരുന്നു ഇയാൾ. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
അമ്മക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു ഏഴുവയസുകാരന്‍റെ താമസം. എന്നാൽ പുതുവർഷ രാത്രിയിൽ തന്നോടൊപ്പം മകനെ വിടണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് കോടതിയിൽ സമീപിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയിലെ വരേസ് പ്രവിശ്യയിലെ മൊറസോൺ കമ്യൂണിലെ വീട്ടിൽ പുതുവർഷ രാത്രിയിൽ മകനൊപ്പം ചിലവഴിക്കാൻ കോടതി ഇയാൾക്ക് അനുവാദം നൽകുകയും ചെയ്തു. അമ്മയും അവരുടെ കുടുംബവും കുട്ടിയെ ഡേവിഡിനൊപ്പം വിടാൻ ആദ്യം വിസമ്മതിച്ചെങ്കിലും കോടതിയെ ഉത്തരവിനെ തുടർന്ന് കുട്ടിയെ പിതാവിനൊപ്പം വിടുകയായിരുന്നു. കുട്ടിക്കും ഡേവിഡിനൊപ്പം പോകാൻ താമസമില്ലായിരുന്നു. എന്നാൽ മൊറസോണിലെ വീട്ടിൽ വെച്ച് കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വ്യക്തമല്ലെന്നും കത്തിക്കുത്തിൽ കലാശിച്ചതെങ്ങനെയെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു.
ഏഴുവയസുകാരന്‍റെ കഴുത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേറ്റിരുന്നു. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. പിന്നീട് മകനെ തിരിച്ച് നൽകാനെന്ന വ്യാജേനയെത്തിയ ഡേവിഡ് ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. നിരവധി തവണ കുത്തേറ്റെങ്കിലും ഗുരുതരമായ പരിക്കില്ല. തുടർന്ന് പോലീസ് നടത്തിയ തിരച്ചിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനായിരുന്നു ഇയാളുടെ അറസ്റ്റ്. ഭാര്യക്ക് ഇയാൾ അയച്ച ഭീഷണി സന്ദേശങ്ങളും പോലീസ് തെളിവായി സ്വീകരിച്ചു.