റിയാദ്: ആദ്യമായി സംഘടിപ്പിക്കുന്ന ‘ഫിഫ സീരീസ് 2024’ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അധികൃതർ അറിയിച്ചു. മാർച്ച് 18 മുതൽ 26 വരെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലും അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലുമാണ് ഇരു ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. വിവിധ കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടുന്ന ഒരു കൂട്ടം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഒരിടത്ത് ഒരുമിച്ച് സംഘടിപ്പിക്കുന്നതിന് ഫിഫ അംഗ ഫെഡറേഷനുകൾക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഫിഫ സിരീസ് എന്ന പേരിൽ വിവിധ കോൺഫെഡറേഷനുകളിൽ നിന്നുള്ള ദേശീയ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. സൗദിക്ക് പുറമെ അൾജീരിയ, അസർബൈജാൻ, ശ്രീലങ്ക എന്നി രാജ്യങ്ങളിലും ഫിഫ സീരീസ് സൗഹൃദ പരമ്പര നടക്കും.
ജിദ്ദയിൽ നടക്കുന്ന ഓരോ ഗ്രൂപ്പിലും വ്യത്യസ്ത കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടും. ആദ്യ ഗ്രൂപ്പിൽ കേപ് വെർഡെ ഐലൻഡ്സ് (കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ), കംബോഡിയ (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഇക്വറ്റോറിയൽ ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഗയാന (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷനുകൾ) എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ബെർമുഡ (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷൻ), ബ്രൂണെ ദാറുസ്സലാം (ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻസ് കോൺഫെഡറേഷൻ), ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), വനവാട്ടു (കോൺഫെഡറേഷൻ ഓഫ് ഓഷ്യാനിയ ഫുട്ബാൾ അസോസിയേഷൻ) ടീമുകളും ഉൾപ്പെടും.