നിലമ്പൂർ : അച്ഛനും മകനും തമ്മിൽ മദ്യപിച്ചുണ്ടായ അടിപിടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. മുപ്പാലിപ്പൊടി തറയിൽ പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസി (കൊച്ചുമോൻ -41) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം.
മദ്യപിച്ച് അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. വടികൊണ്ടുള്ള അടി തലയ്ക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്തു വീണ തങ്കച്ചൻ തലയ്ക്കേറ്റ മുറിവിൽനിന്ന് രക്തം വാർന്നാണ് മരിച്ചത്.ഭാര്യയുടെ കൺമുന്നിൽവെച്ചാണ് തങ്കച്ചന് മകന്റെ മർദനമേറ്റത്. ശരീരമാസകലം മർദനമേറ്റ നിലയിൽ കണ്ട തങ്കച്ചനെ നാട്ടുകാർ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ എടക്കര പോലീസ് പ്രതിയെ ഉടൻ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വർഗീസിനും ദേഹത്തു പരിക്കുകളുണ്ട്. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാരനും പൊതുപ്രവർത്തകനുമായ സുധീഷ് പറഞ്ഞു. തങ്കച്ചന്റെ സഹോദരൻ ഒരു മാസംമുമ്പ് തങ്കച്ചനും മകൻ വർഗീസിനുമെതിരേ എടക്കര പോലീസിൽ പരാതി നൽകിയിരുന്നതായി ഇൻസ്പെക്ടർ മഞ്ജുഷ് ലാൽ പറഞ്ഞു. മരിച്ച തങ്കച്ചനും ഭാര്യ അമ്മിണിയും പോലീസ് കസ്റ്റഡിയിലുള്ള വർഗീസും ഒരേ വീട്ടിൽത്തന്നെയാണ് താമസം. വർഗീസിന്റെ ഭാര്യ സൗദിയിൽ നഴ്സായി ജോലിചെയ്യുകയാണ്. തങ്കച്ചന്റെ മകൾ ലിസയും സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.