ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. 1985 ൽ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എൽ പുരം സദാനന്ദന്റെ രചനയിൽ വത്സൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ പ്രേംനസീർ, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, സത്യകല, ജലജ, കവിയൂർ പൊന്നമ്മ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തിയത്. ഒഎൻവി കുറുപ്പ്, രവീന്ദ്രൻ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
എഴുപതുകളിൽ തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയിൽ നിർമ്മാതാവും സംവിധായകനുമായ പി സുബ്രഹ്‍മണ്യത്തിന്റെ കീഴിലാണ് വത്സൻ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് എം കൃഷ്ണൻ നായർ, ശശികുമാർ, എ ഭീംസിംഗ്, പി എൻ സുന്ദരം, തോപ്പിൽ ഭാസി തുടങ്ങിയവർക്കൊപ്പം അന്‍പതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. അടൂർ ഭാസി സംവിധാനം ചെയ്ത ‘ആദ്യപാഠ’ത്തിന്റെ സഹസംവിധായകനായിരുന്നു. പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിലും മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചു.
നടനും നിർമ്മാതാവുമായ ഇന്നസന്റ്, നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് ഇട്ടൻ കുരിയന്റേയും വിത്തമ്മയുടേയും മകനായാണ് ജനനം. ഭാര്യ വെണ്ണിക്കുളം തുർക്കടയിൽ വത്സ. മകൻ അരുൺ കണ്ണേത്ത് (ദുബൈ), മരുമകൾ നീതു (ദുബൈ). സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.