തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരമാണ് സിമ്പു. കാലങ്ങളായി സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. താരത്തിന്റെ പ്രണയം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള സിമ്പുവിന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിമ്പുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
“കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും.വിവാഹം എന്നത് സ്വർഗത്തിൽ വച്ച് നടക്കുമെന്നാണ് പറയുന്നത്. സിമ്പുവിന്റെ വിവാഹം എന്ന് നടക്കുമെന്ന് ദൈവം നിശ്ചയിക്കുന്നുവോ അന്ന് നടക്കും. മനുഷ്യന് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. അതിനായി എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു”, എന്നാണ് രാജേന്ദർ മാധ്യമങ്ങളോട് പറഞ്ഞത്. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മഹാ’ എന്ന ചിത്രമാണ് സിമ്പുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിഥി വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘മഹാ’. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹായിൽ അതിഥി വേഷത്തിലാണ് സിമ്പു എത്തുന്നത്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് ‘മഹാ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ഡിസിപി ധനുഷ്‍കോടി എന്ന കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഗോകുൽ സംവിധാനം ചെയ്യുന്ന ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തിലും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിമ്പു ആണ്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് കൊറോണ കുമാറിന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘വേലൈക്കാരനാ’ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.