കോഴിക്കോട്: ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ സിനിമ നിര്‍മാതാവും ‘മാതൃഭൂമി’ ഡയറക്ടറും വ്യവസായിയും എ.ഐ.സി.സി. അംഗവുമായ പി.വി. ഗംഗാധരന്‍റെ സംസ്കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മേയർ ഡോ. ബീന ഫിലിപ്, മന്ത്രി അഹമ്മദ് ദേവർ കോവിൽ, സംവിധായകൻ ഹരിഹരൻ, രജ്ഞിത്ത്, ജോയ്മാത്യു തുടങ്ങി രാഷ്ട്രീയ, സിനിമ ലോകത്തെ നിരവധി പ്രമുഖര് അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് കെ ടി സി ഓഫീസിൽ ജീവനക്കാരുൾപ്പെടെ പിവിജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തുടർന്നായിരുന്നു ടൗൺഹാളിലെ പൊതുദർശനം. രാത്രിയോടെ മൃതദേഹം ആഴ്ചവട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആറുമണിക്ക് വീട്ടു വളപ്പിൽ ആണ് സംസ്കാരം. നാളെ രാത്രി ഏഴിന് ടൗൺ ഹാളിൽ അനുശോചന യോഗം ചേരും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നുഅന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.
മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ഗംഗാധരന് നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു.
കാണാക്കിനാവ് എന്ന ചിത്രത്തിന് 1997 ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000 ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.