തിരുവനന്തപുരം : രാജ്യത്തിന്റെ പൊതുമേഖലയെ തൃപ്തിപ്പെടുത്താന്‍ ഇത്തവണത്തെ കേന്ദ്രബജറ്റിനായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൊവിഡ് പ്രതിരോധത്തിനോ ഒരു വിഹിതവും നീക്കിവെച്ചിട്ടില്ല. ബജറ്റ് പ്രഖ്യാപനം വിമര്‍ശനത്തേക്കാളേറെ വിഷമമാണുണ്ടാക്കിയതെന്ന് ധനമന്ത്രി പ്രതികരിച്ചു.
‘കൊവിഡ് സൃഷ്ടിച്ച വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ പൊതുമേഖലയെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്നത് ദുഖകരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ ബിജെപി സര്‍ക്കാരിന്റെ ബജറ്റ് ആയല്ല കാണുന്നത്. കേരളത്തിലെ ഉള്‍പ്പെടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ നിലവിലുള്ള പ്രതിസന്ധികളെ നേരിടാന്‍ കഴിയുന്ന ബജറ്റല്ല ഇത്. അതൊരു വിമര്‍ശനം മാത്രമല്ല, വിഷമം കൂടിയാണ്.
കൊവിഡ് കാരണം 20 കോടിയോളം ജനങ്ങള്‍ക്കാണ് രാജ്യത്താകമാനം തൊഴില്‍ നഷ്ടപ്പെട്ടത്. ധനമന്ത്രിയും കേന്ദ്രസര്‍ക്കാരും അവകാശപ്പെടുന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടാണ് ഈ ബജറ്റെന്നാണ്. ഈ പദ്ധതികളില്‍ റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ വിവിധ മേഖലകളില്‍ പുതുതായി ഒരു പ്രഖ്യാപനവും നടന്നിട്ടില്ല.
മറ്റൊന്ന് അര്‍ബന്‍ മേഖലയ്ക്കായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. എന്നാല്‍ അര്‍ബന്‍ മേഖലകളില്‍പ്പെടുന്ന ധാരാളം ചേരികള്‍ അടങ്ങുന്ന നഗരങ്ങളുണ്ട്. ഇവയില്‍ ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നുമുണ്ട്. അവരെ കണ്ടില്ലെന്ന് നടിക്കുകയാണ് ധനമന്ത്രി ചെയ്തത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 73000 കോടിയാണ് ബജറ്റില്‍ മാറ്റിവച്ചത്. ഇതിനും മുന്‍വര്‍ഷങ്ങളെക്കാള്‍ ഒരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള വിഹിതവും ഇക്കുറി ബജറ്റിലില്ല. കഴിഞ്ഞ തവണ 39,000 കോടിയാണ് വാക്‌സിന് വേണ്ടി മാറ്റിവെച്ചതെങ്കില്‍ ഇത്തവണ അത് 5000 കോടി മാത്രമാണ്’.
പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. രാവിലെ 11മണിക്ക് അവതരിപ്പിച്ച് തുടങ്ങിയ ബജറ്റ് 12.35ന് ധനമന്ത്രി അവസാനിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു.
സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് തുടങ്ങിയ ബജറ്റ് പ്രസംഗം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ഡിജിറ്റല്‍ കറന്‍സി, എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയവയിലൂടെ കടന്നുപോയി. ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി ഉടനേ പ്രാബല്യത്തില്‍ വരുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.