ന്യൂഡൽഹി> സംസ്ഥാനത്തിന് അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നൽകുന്നതിൽനിന്ന് യുഡിഎഫ് എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം എൽഡിഎഫ് എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട് നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ് എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട് സ്വീകരിച്ചിരുന്നു.
തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുക സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം എല്ലാ പാർടികളുടെയും എംപിമാർ ചേർന്ന് നൽകാൻ തീരുമാനിച്ചിരുന്നു.
സിപിഐ എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ് എംപിമാർക്ക് കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന് ആരോപിച്ച് രണ്ട് ദിവസത്തിനുശേഷം യുഡിഎഫ് എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും യുഡിഎഫ് എംപിമാർക്ക് നൽകി. എന്നാൽ സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർക്കണമെന്ന് വീണ്ടും രണ്ട് ദിവസം നിവേദനം കയ്യിൽവച്ചശേഷം യുഡിഎഫ് എംപിമാർ ശഠിച്ചു.
നിവേദനം നൽകാൻ സഹകരിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് അവർ ഉപാധിവച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന് വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് എൽഡിഎഫ് അംഗങ്ങൾ ചേർന്ന് നിവേദനം മന്ത്രിക്ക് നൽകി. കരീമിന് പുറമെ ബിനോയ് വിശ്വം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്, ജോസ് കെ മാണി എന്നിവരാണ് നിവേദനം നൽകിയത്.
അതേസമയം ശബരിമലയിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ വിരുദ്ധമായ ആരോപണങ്ങളും യുഡിഎഫ് എംപിമാർ ഉയർത്തി.