റിയാദ്: രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ (ഏകദേശം 40,000 രൂപ) ചുമത്തുമെന്ന് സൗദി നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും.