ദില്ലി : യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത് 11 വിദ്യാർത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ് ഇവർ യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ മികച്ചതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
മുംബൈയിൽ എത്തിയതുമുതലുള്ള ചെലവുകൾ സർക്കാർ വഹിച്ചുവെന്നും കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി രണ്ട് വിമാന സർവീസുകൾ കൂടി കൊച്ചിയിലേക്കെത്തും. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. യുക്രൈനിൽ നിന്നും തിരിച്ച 4 മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇതുവരെ 82 മലയാളികൾ തിരിച്ചെത്തിയിട്ടുണ്ട്.