മുംബൈ : യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകീട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്.
യുക്രൈനില്‍ നിന്നെത്തുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മലയാളികള്‍ ഡല്‍ഹിയിലും 19 പേര്‍ മുംബൈയിലുമാണ് എത്തുക. ഡല്‍ഹിയിലും മുംബൈയിലും എത്തുന്നവര്‍ക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് മലയാളികളുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റഡിസന്റ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരേയും വ്യോമമാര്‍ഗം തന്നെ കേരളത്തില്‍ എത്തിക്കുമെന്ന് സൗരഭ് ജെയിന്‍ അറിയിച്ചു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഭീതിയിലാണ് ഖാര്‍ക്കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളായി ബങ്കറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും ചുറ്റും നിരന്തരം സ്ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിലക്കയറ്റവും കടകളില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. നിര്‍ദേശം ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.