തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്. എല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ് സതീഷിന്റെ ആദ്യ മൊഴി. 2021 മെയ് 31ന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ആദ്യ മൊഴിയില്‍ സതീഷ് പറയുന്നത്. കുഴല്‍പ്പണകേസില്‍ പ്രതിയായ ധര്‍മ്മരാജനെ അറിയാമെന്നും സതീഷ് സമ്മതിക്കുന്നുണ്ട്. ജില്ലാ ട്രഷറുടെ നിര്‍ദേശപ്രകാരമാണ് ധര്‍മ്മരാജന് മുറിയെടുത്ത് നല്‍കിയത്. ഓഫീസില്‍ വന്ന് കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ഓഫീസില്‍ എത്തിയ പാഴ്‌സലിനെ കുറിച്ച് അറയില്ല. രണ്ടാം തീയതി ധര്‍മ്മരാജനെ കണ്ടിട്ടില്ല. രണ്ടാം തീയതി കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപി ഇലക്ഷന്‍ ഫണ്ടാണെന്ന് തനിക്കറിയില്ലെന്നും മൊഴിയിലുണ്ട്.
6.3 കോടി രൂപ രാത്രി ഓഫീസില്‍ വന്ന കാര്യം അറിയില്ല. പിക്കപ്പ് വാനില്‍ നിന്ന് ചാക്ക് ഇറക്കുന്നത് കണ്ടിട്ടില്ല. മാധ്യമവാര്‍ത്തയില്‍ നിന്നാണ് കാറും പണവും പോയ വിവരം അറിയുന്നത്. ആരും തന്നോട് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇലക്ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് റോളില്ലെന്നും തിരൂര്‍ സതീഷ് ആദ്യം നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു തിരൂര്‍ സതീഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ആദ്യം മൊഴി മാറ്റി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നുപറയുമെന്നും സതീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സതീഷിനെ തള്ളി കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.