കൊച്ചി∙ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പരിശോധന. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടെയുള്ളവരും പൊലീസിന്‍റെ പരിശോധനാ സംഘത്തിലുണ്ട്.സംഭവത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സംഭവദിവസം അവിടെ നടത്തിയ വെടിവയ്പ് പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകൾ, വെടിയുണ്ടകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മൊഴികളിൽ പറയുന്ന സ്ഥലത്തു തന്നെയാണു സംഭവം നടന്നിട്ടുള്ളതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കൊച്ചി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽ റഹ്മാൻ എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളി ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യനാണു (70) കഴിഞ്ഞ ബുധനാഴ്ച വെടിയേറ്റത്. ഫോർട്ട്കൊച്ചി പടിഞ്ഞാറു മാറി ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഐഎൻഎസ് ദ്രോണാചാര്യക്കു സമീപമാണു സംഭവം. വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോൺ മിലിറ്ററി ബുള്ളറ്റാണെന്നുമാണു നേവിയുടെ വിശദീകരണം. ഇതു സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.