അമ്മയാകുക, മാതൃത്വം ആസ്വദിക്കുക തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം ആണെങ്കിലും, ഗർഭധാരണത്തിനു ശേഷമുള്ള അമിത ഭാരം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിലുളള ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ അകറ്റാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷ്യനായ രമിത കൗർ. അവ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി ദിവസവും ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ഗുണം ചെയ്യുമെന്നും ഡയറ്റീഷ്യനായ രമിത കൗർ പറയുന്നു.
- രണ്ട്…
- ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി തലേന്ന് കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.
- മൂന്ന്…
- ജീരകമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്‍റെ ഭാഗമാക്കാം. ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചതിന് ശേഷം ജീരകം വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.
- നാല്…
- ഇഞ്ചിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ഇവ ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.
- അഞ്ച്…
- നാരങ്ങയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കും. ഇതിനായി നാരങ്ങാ വെള്ളത്തില്‍ ഒരു നുള്ള ചിയാ വിത്തുകള്‍ ചേര്‍ത്ത് കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.