ഇടുക്കി : മൂന്നാർ തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. 150 കിലോ ഇറച്ചിയാണ് കണ്ടെടുത്തത്. തലയാർ എസ്‌റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്‍റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചാക്കിലാക്കിയ നിലയിൽ 150 കിലോ ഇറച്ചി ഇവരിൽ നിന്നും പിടിച്ചെടുത്തു. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോൾ തങ്ങൾ ഇറച്ചി എടുക്കുകയായിരുന്നുവെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറയിച്ചിട്ടുള്ളത്.
ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ ഉദ്യോഗസ്ഥ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കാട്ടുപോത്തിന് എങ്ങനെയാണ് പരിക്കേറ്റതെന്നുള്ള അന്വേഷണം നടത്തുന്നുണ്ട്. റേഞ്ച് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ ഒഫീസർമാരായ രാജൻ, രമേഷ്, ദീപക്, ടോം, ദിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.