ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ട് ശ്രമം നടത്തിയതായി റിപ്പോർട്ട്. പത്ത് മാസം മുമ്പാണ് സ്വിഗ്ഗിയുടെ ഓഹരി വാങ്ങുന്നതിനുള്ള ചർച്ചകൾ ഫ്ലിപ്പ്കാർട്ട് നടത്തിയത്. എന്നാൽ, ഓഹരി മൂല്യനിർണയത്തിലെ പൊരുത്തക്കേട് കാരണം ചർച്ച മുടങ്ങുകയായിരുന്നു . സ്വിഗ്ഗിയിലെ ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസും ചർച്ചകളിൽ ഏർപ്പെട്ടിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്വിഗ്ഗിയിൽ 33% ഓഹരിയുള്ള പ്രോസസ് ഓഹരി വിറ്റഴിക്കാൻ താൽപ്പര്യം പ്രകടിപ്പിപ്പിച്ചിരുന്നതായാണ് സൂചന. 8300 കോടി രൂപയാണ് ഡച്ച് ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനിയായ പ്രോസസിന്‍റെ സ്വിഗിയിലുള്ള നിക്ഷേപം. 33 ശതമാനം വരുന്ന ഈ ഓഹരികള്‍ 26 ശതമാനമാക്കി കുറയ്ക്കാനായിരുന്നു പ്രോസസിന്‍റെ ശ്രമം. സ്വിഗ്ഗി വക്താവ് വാർത്ത നിഷേധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ക്വിക്ക്-കൊമേഴ്‌സ് കമ്പനിയായ സെപ്‌റ്റോയെ സ്വന്തമാക്കാനുള്ള ഫ്ലിപ്പ്കാർട്ടിന്റെ ശ്രമം പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്.
ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ കുറവാണിത്. 1.60 ലക്ഷം കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂല്യം.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രാഥമിക ഓഹരി വില്‍പന നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക് മുമ്പാകെ സ്വിഗ്ഗി സമര്‍പ്പിച്ചിട്ടുണ്ട്. ഓഹരി വില്‍പനയിലൂടെ 10,400 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗിയുടെ ശ്രമം.പുതിയ ഓഹരികളിലൂടെ 3,750 കോടി രൂപ വരെയും നിലവിലുള്ള ഓഹരികൾ വിറ്റഴിച്ച് 6,664 കോടി രൂപ വരെയും സമാഹരിക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. നിലവിലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വിപണിയുടെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്.