ചണ്ഡിഗർ∙ പഞ്ചാബിലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെ 35 വർഷങ്ങൾക്കു ശേഷം തന്റെ അമ്മയെ കണ്ടെത്തി യുവാവ്. രക്ഷാപ്രവർത്തകനായ ജഗ്ജീത് സിങ്ങാണ് അമ്മ ഹർജീത് കൗറിനെ കണ്ടെത്തിയത്. പട്യാലയിലെ ബൊഹർപുർ ഗ്രാമത്തിൽ ജുലൈ 20നാണ് സംഭവം. ഖാദിയാനയിലെ പ്രധാന ഗുരുദ്വാരയിലെ ഭക്തിഗാന ഗായകനാണ് ജഗ്ജീത് സിങ്. രക്ഷാപ്രവർത്തനത്തിനായി ഒരു എൻജിഒയുടെ ഭാഗമായാണ് ജഗ്ജീത് സിങ് എത്തിയത്. ജഗ്ജീത് സിങ്ങിന് ആറുമാസം പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ചു. രണ്ടുവയസ്സു പ്രായമുള്ളപ്പോൾ ജഗ്ജീത് സിങ്ങിനെ മുത്തച്ഛനും മുത്തശ്ശിയും അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അമ്മയും അച്ഛനും അപകടത്തിൽ മരിച്ചെന്നാണ് മുത്തച്ഛനും മുത്തശ്ശിയും ജഗ്ജീതിനോട് പറഞ്ഞിരുന്നത്. ജഗ്ജീതിന്റെ ഒരു ബന്ധുവാണ് പട്യാലയിലുള്ള അമ്മവീട്ടില്‍ വച്ച് അമ്മയുടെയും മകന്റെയും പുനഃസമാഗമത്തിനു വഴിയൊരുക്കിയത്. അമ്മയുടെ ബന്ധുക്കൾ ബൊഹാപുർ ഗ്രാമത്തിലുണ്ടെന്ന് തന്റെ അമ്മായി അവ്യക്തമായി പറഞ്ഞിരുന്നെന്ന് ജഗ്ജീത് സിങ് പറഞ്ഞു. തുടർന്ന് ബൊഹാർപുരിലെത്തിയ ജഗ്ജീത് സിങ് തന്റെ മുത്തശ്ശിയായ പ്രീതം കൗറിനെ കണ്ടു.
‘‘ഞാൻ മുത്തശ്ശിയോട് പലതവണ ചോദിച്ചു. ഒടുവിൽ എന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് മുത്തശ്ശി പറഞ്ഞു. അതുകേട്ടതോടെ ഞാന്‍ തകർന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി അമ്മയെ കാണാൻ സാധിക്കാത്ത ഹതഭാഗ്യനായ മകനാണ് ഞാനെന്നു കരുതി.’’– ജഗ്ജീത് സിങ് പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ എടുത്തു നിൽക്കുന്ന സ്ത്രീ ആരാണെന്ന ചോദ്യത്തിന് ആരും വ്യക്തമായ മറുപടി നൽകിയിരുന്നില്ലെന്നും ജഗ്ജീത് സിങ് പറഞ്ഞു. അമ്മയെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾ മറച്ചുവയ്ക്കുകയായിരുന്നെന്നും ജഗ്ജീത് സിങ് വെളിപ്പെടുത്തി.