ദില്ലി: പാപ്പർ ഹർജി ഫയല്‍ ചെയ്യുകയും മെയ് 9 വരെയുള്ള സര്‍വ്വീസ് റദ്ദാക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യയിലേക്ക് തൊഴില്‍ തേടിയെത്തി ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാര്‍. ദില്ലിയിലെ ടാറ്റ ഗ്രൂപ്പ് ഹോട്ടലില്‍ വ്യാഴാഴ്ച നടന്ന ജോബ് ഡ്രൈവിലാണ് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ പൈലറ്റുമാര്‍ കൂട്ടമായി എത്തിയത്. ചൊവ്വാഴ്ചയാണ് ഗോ ഫസ്റ്റ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജീവനക്കാരെ തന്നെ ഞെട്ടിച്ച് കൊണ്ട് തന്നെയായിരുന്നു കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എല്ലാം നല്ല രീതിയില് പ്രവര്‍ത്തിച്ച് പോകുമ്പോള്‍ കമ്പനിയുടെ ഇത്തരമൊരു തീരുമാനം ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്നാണ് ഗോ ഫസ്റ്റ് എയര്‍ലൈനിലെ പൈലറ്റുമാരിലൊരാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് തങ്ങളുടെ ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടമാവാതിരിക്കാനാണ് എന്നാണ് പൈലറ്റുമാര്‍ വപ്രതികരിക്കുന്നത്. മുംബൈയിലും ദില്ലിയിലുമായി നടക്കുന്ന ജോബ് ഡ്രൈവ് വെള്ളിയാഴ്ച വരെ നടക്കുമെന്നാണ് എയര്‍ ഇന്ത്യ വിശദമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയെ നവീകരിക്കുന്നതിന്‍റെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് 4200 ക്യാബിന്‍ ക്രൂ ജീവനക്കാരെയും 900ത്തോളം പൈലറ്റുമാരെയുമാണ് ജോലിക്കെടുക്കാനാണ് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. . കഴിഞ്ഞ ആഴ്ച മാത്രമായി 700ഓളം പൈലറ്റുമാരുടെ ആപ്ലിക്കേഷനാണ് എയര്‍ ഇന്ത്യക്ക് ലഭിച്ചതെന്നാണ് എയര്‍ ഇന്ത്യ വിശദമാക്കുന്നത്. വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ്.