ഇടുക്കി : രവീന്ദ്രൻ പട്ടയത്തിലെ തുടര്‍നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. 45 ദിവസം സമയപരിധി നിശ്ചയിച്ച് തുടങ്ങിയ നടപടികൾ 80 ദിവസമായിട്ടും പകുതി പോലുമായില്ല. റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്. ദേവികുളം അഡീഷ്ണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച 530 പട്ടയങ്ങൾ, ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 18നാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്നും പറഞ്ഞു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടികൾ പകുതിപോലും ആയില്ല. പ്രശ്നമുള്ള 9 വില്ലേജുകളിൽ നാലെണ്ണത്തിൽ മാത്രമാണ് ഹിയറിംഗ് നടത്തിയത്.
ബാക്കിയുള്ളവ തീര്‍ക്കാൻ എത്ര ദിവസം കൂടി വേണം എന്നതിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരമില്ല. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ 45 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടാണ് ഈ അവസ്ഥ. വിഷയത്തിൽ വലിയ സമര പരിപാടികളിലേക്ക് കടക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം നടപടികൾ സങ്കീര്‍ണ്ണമായതിനാൽ സമയം നീട്ടിനൽകാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.