തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ 26 കുട്ടികൾക്ക് ഛർദിയും വയറിളക്കവും വന്നതിനു പിന്നാലെ ഇന്നലെ അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ സ്കൂളിലെ സ്റ്റോർ പൂട്ടി സീൽ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകൾ ഉൾപ്പെടെയുളള വിവിധതരം പൊടികളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു.
ഭക്ഷ്യ സുരക്ഷാ വിഭാഗം കോവളം സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂർ ഉച്ചക്കട എൽ.എം.എൽ.പി.സ്‌കൂളീലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും പനിയുമടക്കമുളള ശാരീരീക അസ്വാസ്ഥ്യങ്ങൾ ഉണ്ടായത്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികൾ ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി. സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ ഛർദിയും വയറിളക്കവുമായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്ക് അയച്ച് ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ ഒന്നിന് സ്കൂൾ തുറന്നതോടെ നിരവധി ഇടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കായംകുളത്തും കൊട്ടാരക്കരയിലുമായി സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായി. കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ശനിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു.
അതേസമയം കായംകുളം ടൗൺ ഗവ സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പിനായിട്ടില്ല. അധ്യാപകർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ 15 പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതക്കായി വയറിളക്കം ബാധിച്ച 4 കുട്ടികളുടെ മലം പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു. ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായോ എന്ന് പരിശോധിക്കാനാണിത്.