തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ഗേൾസ് ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ വൃത്തിഹീനമായ നിലയിൽ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തി. പാചകക്കാർക്ക് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതർക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പാചകക്കാരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഇവരെ പാചകത്തിൽ നിന്ന് മാറ്റിനിർത്താനും നിർദേശിച്ചിട്ടുണ്ട്. സ്കൂളിലെ വെള്ളത്തിന്റെ സാമ്പിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കായംകുളത്തും വിഴിഞ്ഞത്തും സ്കൂളുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടന്നുവരികയാണ്. മന്ത്രിമാർ തന്നെ നേരിട്ടിറങ്ങി പരിശോധനകൾ നടത്തുന്നതിനിടെയാണ് നെയ്യാറ്റിൻകരയിൽ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയത്.സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാചകപ്പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും എന്ന് മന്ത്രി അറിയിച്ചു.