ഇന്ന് ധാരാളം പേര്‍ പറഞ്ഞുകേള്‍ക്കുന്നൊരു പരാതിയാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. മോശം ജീവിതരീതി തന്നെയാണ് ഒരു വലിയ അളവ് വരെ ഇതിന് കാരണമാകുന്നത്. പ്രായമാകുന്നവരില്‍ മുടിയില്‍ നര കാണുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ചെറുപ്പക്കാരില്‍ നര കയറുന്നത് അവരെ സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു എങ്കില്‍ അതൊരു പ്രശ്നം തന്നെയാണ്.
അകാലനരയെ പരാജയപ്പെടുത്താൻ പലപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും നമ്മളാല്‍ കഴിയുംവിധം ജീവിതരീതികളെ മെച്ചപ്പെടുത്തി നോക്കാവുന്നതാണ്. സ്ട്രെസ് കുറയ്ക്കുക, മലിനമായ അന്തരീക്ഷമൊഴിവാക്കുക, ഉറക്കം ക്രമീകരിക്കുക ഒപ്പം ആരോഗ്യകരമായ ഭക്ഷണങ്ങളം കഴിക്കുക.
ഭക്ഷണത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ചിലത് അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. പ്രത്യേകിച്ച് അയേണ്‍, കോപ്പര്‍ എന്നിവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നതാണ് അകാലനരയിലേക്ക് വഴിവയ്ക്കുന്നൊരു കാരണം. ഇത്തരത്തില്‍ അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങള്‍ തന്നെയുണ്ട്. അവയെ കുറിച്ച് കൂടി അറിയാം.
ഒന്ന്…
റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് വണ്ണം വയ്ക്കാനും മറ്റ് അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാമാണ് ഇവ നയിക്കുക. ഒപ്പം തന്നെ അകാലനരയ്ക്കും ഇവ സാധ്യതയൊരുക്കുന്നു.
ഫ്രൈഡ് ഫുഡ്സ്…
ധാരാളം ആരാധകരുള്ള ഭക്ഷണമാണ് ഫ്രൈഡ് ഫുഡ്സ്. ഇത് ആകെ ആരോഗ്യത്തിന് ദോഷമാണെന്നത് ഏവര്‍ക്കുമറിയാം. എങ്കിലും നിയന്ത്രിതമായ അളവില്‍ കഴിക്കാം. പക്ഷേ അകാലനരയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഫ്രൈഡ് ഫുഡ്സ് നല്ലതുപോലെ ഒഴിവാക്കുന്നതാണ് ഉചിതം. ഫ്രൈഡ് ഫുഡ്സിലെയും കൃത്രിമമധുരമാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം പ്രശ്നമായി വരുന്നത്.
കോഫി…
പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം കാപ്പി കാര്യമായി കഴിക്കുന്നവരില്‍ നിര്‍ജലീകരണം അഥവാ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ കാണുന്നു. ഇതും ക്രമേണ അകാലനരയിലേക്ക് നയിക്കുമത്രേ.
പ്രോസസ്ഡ് ഫുഡ്സ്…
ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന മറ്റൊരു വിഭാഗം ഭക്ഷണമാണ് പ്രോസസ്ഡ് ഫുഡ്സ്. ഇവ അകാലനരയ്ക്കും കാരണമായി വരാം.
മദ്യം…
മദ്യപാനത്തിന് എത്രയോ ദോഷവശങ്ങളുണ്ട്. അതിലൊന്നാണ് അകാലനര. പതിവായ മദ്യപാനം, അമിതമായ മദ്യപാനം എന്നിവയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.