മലപ്പുറം: ദേശിയപാത വികസനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് വി.കെ പടി അങ്ങാടിയ്ക്ക് സമീപം മരം മുറിച്ച് നീക്കിയപ്പോള്‍ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം ക്രൂരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദന്‍ പറഞ്ഞു.ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയുമാണ് നശിപ്പിച്ചത് .വനം വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനവും ഡ്രൈവറെയും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി,
കരാർ കമ്പനിക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്.മരം മറിച്ചിടുന്നതിന് ഉപയോഗിച്ച ജെസിബിയുടെ ഡ്രൈവറെയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.Knrc എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്.മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു..വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പ് മൂന്ന് ചാക്കിൽ ചത്ത പക്ഷികളെ തൊഴിലാളികൾ മാറ്റി എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു. സോഷ്യൽ ഫോറസ്ട്രി കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് മരം മുറിച്ചത്.രാമനാട്ടുകര മുതൽ പൊന്നാനി അതിർത്തി വരെയുള്ള ഭാഗത്തു മുറിക്കാൻ അനുമതി നൽകിയത് രണ്ടായിരത്തോളം മരങ്ങൾക്ക്.അതിൽ ഈ മരം ഉൾപ്പെട്ടിട്ടില്ല.കൂടുതൽ മരങ്ങൾ മുറിച്ചോ എന്നും വനം വകുപ്പ് പരിശോധിക്കും.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് NHAl യോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.