അഗളി: മഹാരാജാസ് കോളജ് വിദ്യാർഥിനിയും എസ്.എഫ്.ഐ നേതാവുമായിരുന്ന കെ. വിദ്യ വ്യാജരേഖ ചമച്ചെന്ന കേസിൽ അഗളി പൊലീസ് അന്വേഷണം തുടങ്ങി. അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം മഹാരാജാസ് കോളജിലും കെ. വിദ്യയുടെ വീട്ടിലും അടുത്ത ദിവസങ്ങളിൽ എത്തിയേക്കും. അട്ടപ്പാടി കോളജിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. ലാലിമോൾ വർഗീസിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷമാകും നേരിട്ട് ഹാജറാകാൻ വിദ്യക്ക് നോട്ടീസ് നൽകുക.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസിൽ പ്രാഥമികാന്വേഷണം നടത്തിയത്. ജാമ്യമില്ല വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്.
ജൂൺ മൂന്നിന് കോട്ടത്തറ ആർ.ജി.എം കോളജിൽ നടന്ന ഗെസ്റ്റ് ലെക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടു വർഷം പഠിപ്പിച്ചിരുന്നതായി വ്യാജ രേഖ സമർപ്പിച്ചെന്നാണ് കേസ്. മഹാരാജാസിലെ മുൻ അധ്യാപികയായിരുന്ന ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഇക്കാലയളവിൽ മഹാരാജാസ് മലയാളം വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതിനിടെ കാസർകോട് കരിന്തളം ഗവ. കോളജിലും ഇതേ വ്യാജരേഖ സമർപ്പിച്ചാണ് കഴിഞ്ഞ വർഷം മലയാളം അധ്യാപികയായി ജോലി നേടിയതെന്ന പ്രിൻസിപ്പൽ ചുമതലയിലുള്ള ഡോ. ജെയ്സൺ ബി. ജോസഫിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.