ചെന്നൈ: അയൽവാസിയായ വയോധികയുടെ ഫ്ലാറ്റിനു മുന്നിൽ മൂത്രമൊഴിക്കുകയും മാലിന്യം വിതറുകയും ചെയ്ത കേസിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷൺമുഖത്തെ അറസ്റ്റ് ചെയ്തു. കാർ പാർക്കിങ്ങിനു സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിലായിരുന്നു, ചെന്നൈ കിൽപോക് മെഡിക്കൽ കോളജ് കാൻസർ വിഭാഗം മേധാവിയായ സുബ്ബയ്യയുടെ അതിക്രമം. സർവീസിലിരിക്കെ രാഷ്ട്രീയപ്രവർത്തനം നടത്തിയതിന് ഈയിടെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് 2020ലെ കേസിലുള്ള അറസ്റ്റ്.
കാര്‍ പാര്‍ക്കിങ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പ്രതികാരമായിരുന്നു, തനിച്ചു താമസിക്കുന്ന സ്ത്രീയുടെ ഫ്ലാറ്റിനു മുന്നിലെ മൂത്രമൊഴിക്കല്‍ സംഭവം. ഉപയോഗിച്ച മാസ്ക്കുകളും മാലിന്യങ്ങളും വിതറിയും സുബ്ബയ്യ ശല്യം ചെയ്തിരുന്നു. വയോധിക ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണു സുബയ്യയുടെ മൂത്രമൊഴിക്കല്‍ വികൃതി പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സഹിതം ആദംബാക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.
പിന്നീടു നടന്ന അനുനയ നീക്കങ്ങളില്‍ വയോധിക പരാതി പിന്‍വലിച്ചു. സമുച്ചയത്തിലെ മറ്റു താമസക്കാരുടെ സമ്മര്‍ദമാണു പരാതി പിന്‍വലിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് അന്നുതന്നെ പൊലീസ് വ്യക്തമാക്കി. സര്‍വീസിലിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് ആഴ്ചകള്‍ക്കു മുന്‍പ് സുബ്ബയയെ തമിഴ്നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ എബിവിപിക്കാരെ കൊണ്ടു സമരം ചെയ്യിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
അറസ്റ്റിലായ എബിവിപിക്കാര്‍ കോടതിയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയതോടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഗവര്‍ണറെ കാണാനും സുബയ്യ മുന്നില്‍ നിന്നതോടെയാണു പഴയ കേസ് പൊലീസ് പൊടിതട്ടിയെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍, ക്വാറന്റീന്‍ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സ്ത്രീയെ ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായിരിക്കെ മധുര എയിംസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇയാളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് കടുത്ത വിമര്‍ശനമുണ്ടാക്കിയിരുന്നു.