തൃശൂർ: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിന് തടവ് ശിക്ഷ. ചളവറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ വിൽസന് 2 വർഷം തടവും അമ്പതിനായിരം രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2012 ലായിരുന്നു സംഭവം. സർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ 3000 കൈക്കൂലി ചോദിച്ചു. 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
നേരത്തെ ഒരു കരാറുകാരൻ നികുതിയായി 9 ലക്ഷം രൂപ അടച്ചിരുന്നു. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകി. അത്രയും തുക അടയ്‌ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം. ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ പണവുമായി ഇന്ന് പർവീന്തർ സിങിനെ കാണാൻ കരാറുകാരൻ എത്തി. കരാറുകാരന്റെ പക്കൽ നിന്ന് പണം പർവീന്തർ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടിയിരുന്നു. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. കണക്കിൽപ്പെടാത്ത 8300 രൂപയാണ് വിജിലൻസ് പിടികൂടിയത്. 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ആരില്‍ നിന്നും നേരിട്ട് പണം വാങ്ങുന്നത് പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല.