കൊച്ചി: പീഡനക്കേസിൽ ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അതിജീവിത അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീയുടെ ഹർജിയിൽ പറയുന്നു.
ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് രാവിലെ അറിയിച്ചിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2022 ജനുവരി 14നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ വിധി പറഞ്ഞത്. കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016വരെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ഡിവൈഎസ്പി കെ.സുഭാഷാണ് കേസ് അന്വേഷിച്ചത്.