കോട്ടയം : സാക്ഷിമൊഴികള്‍ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയില്‍ നിര്‍ണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി.എസ്.അജയന്‍. 39 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നുതന്നെയാണ്. പീഡനവിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയില്‍ ഇതു നിഷേധിച്ചു. ഒരു ചാനല്‍ അഭിമുഖം ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണായക തെളിവായതായും അഭിഭാഷകന്‍ പറഞ്ഞു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമന്‍പിള്ളയും പറഞ്ഞു. ബിഷപ്പിനെതിരെ ഒരു തെളിവുപോലും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജി.ഗോപകുമാറാണ് പീഡനക്കേസില്‍ ബിഷപ് മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്.