തിരുവനന്തപുരം : ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും, ട്രഷറി അക്കൗണ്ടുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും, സബ് ട്രഷറികളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കഴക്കൂട്ടം സബ്ട്രഷറിയിലേതിന് സമാനമായ ക്രമക്കേടുകള്‍ല്‍ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാർ തായാറാകണം.
കത്തിന്റെ പൂര്‍ണരൂപം
കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
2020 ഓഗസ്റ്റില്‍ വഞ്ചിയൂര്‍ ട്രഷറിയില്‍നിന്നു വിരമിച്ച ജീവനക്കാരിന്റെ ലോഗിന്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരന്‍ ട്രഷറിയില്‍ നിന്നും പണം തട്ടിച്ചെടുത്ത സംഭവം ട്രഷറി സോഫ്ട്‌വെയറിലെ അടക്കം പഴുതുകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ട്രഷറി പ്രവര്‍ത്തനം കുറ്റമറ്റതാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷവും നിരവധി തട്ടിപ്പുക്കാള്‍ നടന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്. സര്‍ക്കാര്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കഴക്കൂട്ടം സബ്ട്രഷറിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം തെളിയിക്കുന്നത്.
കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ മരിച്ച വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും വ്യാജ ചെക്കുണ്ടാക്കി പണം അപഹരിച്ചു എന്നത് ഗൗരവകരമാണ്. ട്രഷറി സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നടത്തിയ ഈ തട്ടിപ്പ് മറ്റു സബ്ട്രഷറി കളിലും നടക്കാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ട്രഷറി സംവിധാനത്തിലെ പഴുതുകള്‍ അടക്കാനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം
വിവര സാങ്കേതിക വിദ്യ ഇത്രയും മുന്നേറിയ കാലത്തും ട്രഷറി അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചാല്‍ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കുന്നില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ചെക്ക് ബുക്ക് അച്ചടിയില്‍ പോലും കേന്ദ്രികൃത സ്വഭാവമില്ല എന്ന വസ്തുത സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് ട്രഷറി അക്കൗണ്ടുകളെ സമീപിക്കുന്നത് എന്നതിന്റെ ഉദാഹരമാണ്. ചെക്ക് ബുക്ക് കേന്ദ്രീകൃതമായി അച്ചടിച്ച് ക്രമനമ്പര്‍ രേഖപ്പെടുത്തി അക്കൗണ്ട് ഉടമക്ക് അയച്ചുകൊടുക്കുന്ന സംവിധാനവും ട്രഷറിയില്‍ നടപ്പാക്കിയിട്ടില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്.
കഴക്കൂട്ടം ട്രഷറിയില്‍ ജീവനക്കാര്‍തന്നെ അപേക്ഷ പോലും ഇല്ലാതെ അക്കൗണ്ട് ഉടമകളുടെ പേരില്‍ ചെക്കുകള്‍ നല്‍കിയാണ് പണം പിന്‍വലിച്ചത് എന്നത് ഇതിന്റെ തെളിവാണ്. കഴക്കൂട്ടം ട്രഷറിയില്‍ സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ല എന്നത് ഗൂഢാലോചന തെളിയിക്കുന്നതാണ്. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും, ട്രഷറി അക്കൗണ്ടുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും, സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍തയാറാകണം.