തൃശൂര്‍> യുകെയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത് സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ സ്ഥാപന ഉടമകള്‍ മുങ്ങിയതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ആദിത്യ അബ്രഹാം, സുജില്‍ ധര്‍മന്‍, ബിനു ബാബുജി, പ്രിഥ്വിക് കെ ജയകുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തൃശൂര്‍ പാട്ടുരായ്ക്കലില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് 150 പേരില്‍നിന്ന് ഏകദേശം 25 കോടി രൂപ തട്ടിയെടുത്തത്.
നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം, തുടക്കത്തില്‍ പണം വാങ്ങിയവരില്‍ ചിലര്‍ക്ക് യുകെയില്‍ കെയര്‍ ഗീവര്‍ തസ്തികയില്‍ തൊഴില്‍ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയവഴിയും മറ്റും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തൃശൂരിലെ സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷനിലെത്തി ഉദ്യോഗാര്‍ഥികള്‍ പണം നല്‍കാന്‍ തയ്യാറായത്.
തൊഴിലന്വേഷകരില്‍നിന്ന് രണ്ടു ലക്ഷംമുതല്‍ 20 ലക്ഷംവരെ ഇവര്‍ വാങ്ങിയിട്ടുണ്ട്. മണിക്കൂറിന് 10.79 പൗണ്ട് ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. ആറു മാസത്തെ കാലാവധി പറഞ്ഞാണ് പണം വാങ്ങിയതെങ്കിലും, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും തൊഴില്‍ വിസ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ജനുവരി 27 മുതല്‍ സ്ഥാപനം പൂട്ടി, സ്ഥാപനഉടമകള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയിരിക്കയാണ്.
തട്ടിപ്പിനിരയായ 50ലേറെപ്പേര്‍ സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന് പരാതി നല്‍കിയിട്ടുണ്ട്.ഉദ്യോഗാര്‍ഥികളില്‍ അധികവും വീടിന്റെ ആധാരവും ആഭരണങ്ങളും മറ്റും പണയംവച്ചാണ് കമ്പനിക്ക് പണം നല്‍കിയത്. ആദ്യഘട്ടത്തില്‍ ലെവല്‍ ത്രീ കോഴ്‌സിന് 80,000 രൂപയും പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി നാലും അഞ്ചും ലക്ഷം രൂപ വീതവും ഉദ്യോഗാര്‍ഥികളില്‍നിന്നായി ഇവര്‍ വാങ്ങി.
തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. തട്ടിപ്പിനിരയായവരുടെ ഭര്‍ത്താക്കന്മാരായ പി എ ബാബു, ഷിനില്‍ ലൂക്ക, കൂടാതെ തട്ടിപ്പിനിരയായവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.