ഇന്ന് എവിടെയും മത്സരമാണ്. ഒന്നാമനാകുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം. തൊട്ടടുത്ത ആളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കണം, അതിനുള്ള ഓട്ടത്തിലാണ് എല്ലാവരും. എന്നാല്‍ ഈയൊരു മനോഭാവം നമ്മെ പല പ്രതിസന്ധികളിലും കൊണ്ട് ചെന്ന് എത്തിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ഈ മത്സരങ്ങള്‍ നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കും. അത്തരമൊരു വാര്‍ത്തയാണ് പുനെയില്‍ നിന്നും വരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പൂനെയിലെ ഖഡ്‌കി ചൗപാട്ടിയിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണത്തോടൊപ്പം സൗജന്യമായി സൂപ്പ് നൽകി. എന്നാല്‍, ഹോട്ടലുടമയുടെ പ്രവര്‍ത്തി തൊട്ടടുത്തുള്ള ഹോട്ടലുടമയ്ക്ക് പിടിച്ചില്ല. കാരണം, തന്‍റെ കച്ചവടം ആ സൗജന്യ സൂപ്പ് കൊണ്ടുപോകുമെന്ന അദ്ദേഹത്തിന്‍റെ ആശങ്ക തന്നെ. ഈ ആശങ്ക അദ്ദേഹം മറച്ച് വച്ചില്ല. പകരം ഹോട്ടലുടമയെ കുത്തി വീഴ്ത്തുകയായിരുന്നു. ഏഴ് തുന്നലുകള്‍ ഇടേണ്ടിവന്നെങ്കിലും പരിക്കേറ്റയാള്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഖഡ്കിയില്‍ നിന്നുള്ള മുലായം പാല്‍ എന്ന ഹോട്ടലുടമയ്ക്കാണ് കുത്തേറ്റത്. ഇദ്ദേഹം തന്‍റെ കടയില്‍ ഉച്ചയൂണിനൊപ്പം സൗജന്യമായി സൂപ്പും നല്‍കുമെന്ന ബോര്‍ഡ് കടയ്ക്ക് മുന്നില്‍ വച്ചു. സ്വാഭാവികമായും മുലായത്തിന് കൂടുതല്‍ വരുമാനം ലഭിച്ച് തുടങ്ങി. സ്വാഭാവികമായും ഇത് തൊട്ടടുള്ള കടക്കാരനെ പ്രകോപിപ്പിച്ചു. അയാള്‍ മുലായത്തോട് ബോര്‍ഡ് എടുത്ത് മാറ്റാനും സൗജന്യ സൂപ്പ് വിതരണം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, മുലയം ഇത് ചെവിക്കൊണ്ടില്ല. പിന്നാലെ ഒരു സുഹൃത്തുമായെത്തിയ ആള്‍ മുലായത്തെ കുത്തി വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആള്‍ത്തിരക്കുള്ള സമയമായതിനാല്‍ മുലായത്തെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായി. എന്നാല്‍, അക്രമം ചെയ്തവര്‍ ഇതിനിടെ രക്ഷപ്പെട്ടു. ഇവര്‍ക്കായി പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു.