കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് പണം നൽകി മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ മനുഷ്യ സ്നേഹികൾ തുടരുന്നു. പണ സമാഹരണം ഇതുവരെ 28 കോടി കവിഞ്ഞു. 34 കോടി രൂപയാണ് നൽകേണ്ടത്. ചൊവ്വാഴ്ചയാണ് ഇതിനുള്ള അവസാന തീയതി.ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വധശിക്ഷയും അതിനുപകരം പാരിതോഷികവുമെന്നുള്ളത് സൗദി സർക്കാറുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയമായതിനാൽ ഔദ്യോഗികമായി ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സൗദി അധികൃതരിൽനിന്ന് ലഭിച്ച വിവരം. നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് ഒരു കുടുംബമാണെന്നും ഇത് ഭരണകൂടത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാലും മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തുതരാൻ തയാറാണെന്നും റിയാദിലെ മലയാളികൾക്ക് സൗദി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റഹീമിന്റെ മാതാവ് പാത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബുധനാഴ്ച കത്തയച്ചിരുന്നു.