ന്യൂഡൽഹി: ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ഈയാഴ്ച ഇന്ത്യ സന്ദർശിക്കും. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് വോങ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രാലയം സഹ-ആതിഥേയത്വം വഹിക്കുന്ന റെയ്‌സിന ഡയലോഗിലും വോങ് പങ്കെടുക്കുമെന്നാണ് സൂചന.
വിദേശകാര്യ മന്ത്രിയായ ശേഷമുള്ള വോങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയുടെ ജി20 നേതൃത്വത്തെ ആസ്‌ട്രേലിയ ശക്തമായി പിന്തുണക്കുന്നെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 പ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്നും വോങ് പ്രസ്താവനയിൽ പറഞ്ഞു.
ബഹുരാഷ്ട്ര സംവിധാനം ശക്തിപ്പെടുത്തൽ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, മാനുഷിക സഹായം, ദുരന്ത നിവാരണം എന്നിവയുൾപ്പെടെയുള്ള സമകാലിക അന്താരാഷ്ട്ര വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നെന്നും വോങ് പറഞ്ഞു.
ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രത്യേക ക്ഷണിതാക്കളും മറ്റ് അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കും. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് ജി20 ഉച്ചകോടി നടക്കുക.