തിരുവല്ല: വധശ്രമം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയിൽ കാവിൽ തെക്കേതിൽ വീട്ടിൽ അൻവർ ഹുസൈൻ (23) നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരുമല പള്ളി പെരുന്നാൾ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. കേസിലെ മറ്റ് പ്രതികൾ മുമ്പ് പിടിയിലായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച വെള്ളിയാഴ്ച ഉച്ചയോടെ സി.ഐ എസ്. സജി കുമാർ, എ.എസ്.ഐ എസ്.എസ് അനിൽകുമാർ, സി.പി.ഒമാരായ അഖിൽ, മനോജ് എന്നിവർ അടങ്ങുന്ന സംഘം തിരുവല്ല നഗരത്തിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു.
വധശ്രമം അടക്കം ഇയാൾക്കെതിരെ പുളിക്കീഴ്, തിരുവല്ല, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.




















