കൊച്ചി: കലൂരിലെ കോര്പ്പറേഷൻ അറവുശാലയിലെ മാലിന്യം നീക്കം നിലച്ചു. പുഴുവരിക്കുന്ന അറവുശാല മാലിന്യം അറവുശാലയുടെ പുറകിലായി കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തു കാണാതിരിക്കാൻ പടുത കൊണ്ട് മൂടിയിരിക്കുന്ന നിലയിലാണുള്ളത്. സമീപത്തെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായതോടെ കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. വാഹനങ്ങൾ ഈ ഭാഗത്തേക്ക് കടത്തിവിടാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമായത്.